---
title: "കുമളിയിൽ 16-കാരിയുടെ ആത്മഹത്യ; പല സ്ഥലങ്ങളിൽ എത്തിച്ച് കുട്ടിയെ പീഡിപ്പിച്ചതായി ആൺസുഹൃത്തിൻ്റെ 'കുറ്റസമ്മതം'; പോക്സോ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി"
english_title: "Idukki Kumily Teen Girl Suicide Boyfriend Arrested POCSO Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378708/ kumily-16-year-old-girl-suicide-boyfriend-arrested-pocso"
published_at: "2026-08-15T20:13:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a807b913994e_kumily-16-year-old-girl-suicide-boyfriend-arrested-pocso.jpg"
keywords: ["POCSO Case", "Suicide", "Kerala Crime", "Kumily Teen Girl Suicide"]
---

# കുമളിയിൽ 16-കാരിയുടെ ആത്മഹത്യ; പല സ്ഥലങ്ങളിൽ എത്തിച്ച് കുട്ടിയെ പീഡിപ്പിച്ചതായി ആൺസുഹൃത്തിൻ്റെ 'കുറ്റസമ്മതം'; പോക്സോ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി

> **Lead Summary:** ഇടുക്കി: കുമളിയിൽ 16 വയസുകാരിയായ പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്തിനെ പോലീസ് അറസ്റ്റു ചെയ്തു. കുമളി ഒന്നാംമൈൽ സ്വദേശി തോട്ടത്തിൻ കുഴിയിൽ വീട്ടിൽ അഭിരാജൻ ആണ് പിടിയിലായത്.

## Article Content

ഇടുക്കി: കുമളിയിൽ 16 വയസുകാരിയായ പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്തിനെ പോലീസ് അറസ്റ്റു ചെയ്തു. കുമളി ഒന്നാംമൈൽ സ്വദേശി തോട്ടത്തിൻ കുഴിയിൽ വീട്ടിൽ അഭിരാജൻ ആണ് പിടിയിലായത്.

ഇടുക്കി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടം പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പെൺകുട്ടി വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തത്.

സുഹൃത്തായ അഭിരാജനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ അച്ഛന്റെ വാഹനത്തിൽ മുൻപ് ഡ്രൈവറായിരുന്നു അഭിരാജൻ.

ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്ന ശേഷം പല സ്ഥലങ്ങളിൽ എത്തിച്ച് കുട്ടിയെ പീഡിപ്പിച്ചതായി അഭിരാജൻ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ അച്ഛനുമായി പിരിഞ്ഞ അമ്മ മറ്റൊരാൾക്കൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്.

അഭിരാജനുമായുള്ള ബന്ധം പിതാവ് ചോദ്യം ചെയ്തതോടെ കുട്ടി കുമളി പോലീസിൽ പരാതി നൽകി. ഇരുകൂട്ടരെയും വിളിച്ച് സംസാരിച്ച ശേഷം കുട്ടിയെ അമ്മക്കൊപ്പം വിട്ടയച്ചു. കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് കുട്ടി അച്ഛനൊപ്പം തിരികെയെത്തിയത്.

ആത്മഹത്യ ചെയ്യാനുള്ള കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോയെന്നും പോലീസിന് സംശയമുണ്ട്. അഭിരാജനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ ചൈൽഡ് ലൈനും അന്വേഷണം തുടങ്ങി.

**English Summary:**

A 16-year-old Plus Two student died by suicide at her home in Kumily, Idukki last Sunday. Following a post-mortem at Idukki Medical College that revealed signs of sexual abuse, police arrested her friend Abhirajan, a native of Thottathinkuzhiyil, First Mile Kumily. He was a former driver of the girl's father. Abhirajan has reportedly confessed to abusing the girl at multiple locations. A POCSO case has been registered and he was produced in court and remanded. Police are investigating if anyone else was involved. Childline has also launched an inquiry.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378708/ kumily-16-year-old-girl-suicide-boyfriend-arrested-pocso)